ഒരു വെള്ളിയാഴ്ച …
വീട്ടില്‍ പോയിട്ട് ഒരു മാസത്തിലേറെയായി എങ്ങനയെങ്കിലും ഒന്ന് പോകണമെന്ന് മാത്രം വിചാരിച്ചുകൊണ്ട്
ഓഫിസിലെ പണികള്‍ മുഴുവന്‍ വെളുപ്പിനെ തന്നെ വന്നു ചെയ്തു തുടങ്ങി പതിനാലു മണിക്കൂര്‍ നീണ്ട യത്നത്തിനോടുവില്‍ ഒരു കരയ്ക്കെത്തിച്ചു.
കോയമ്പത്തൂര്‍ നിന്ന് കോട്ടയത്തേയ്ക്ക് വെള്ളിയാഴ്ച ഒന്നില്‍ക്കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടെങ്കിലും
സൗകര്യമായിട്ട് ഒന്ന് ഉറങ്ങി പോകണമെങ്കില്‍ കന്യാകുമാരിയില്‍ തന്നെ പോകണം.
രാത്രി പന്ത്രണ്ടു മണിക്ക് ആണ് ആ ട്രെയിന്‍ പുറപ്പെടുന്നത്. ഏകദേശം ഒരു പതിനൊന്നു മണിക്ക് കോവൈ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
രണ്ടാഴ്ച മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു ഇല്ലെങ്കില്‍ യാത്ര ബുദ്ധിമുട്ടാണ് . അനുഭവം ഗുരു !
അതുകൊണ്ട് തന്നെ എല്ലാം തയ്യാറെടുപ്പുകളും നടത്തിയിരുന്നു .
ട്രെയിനില്‍ ആറ് മണിക്കൂര്‍ യാത്ര മാത്രം ബസില്‍ അത് “കുതിരാനിലെ” ബ്ലോക്ക് അനുസരിച് എട്ടും പത്തും പന്ത്രണ്ടും ആകും .
കോട്ടയത്ത് നിന്ന് ഒരു ഇരുപതു കിലോമീറ്റര്‍ അകലെ കിടങ്ങൂര്‍ ആണ് സ്വദേശം , അവിടെ നിന്ന് കൂടി വന്നാല്‍ ഒരു മുക്കാല്‍ മണിക്കൂര്‍ യാത്ര.
ഇത്രയും ലളിതമായ ഒരു യാത്ര എങ്ങനെയൊക്കെ സംഭവബഹുലമാകാന്‍ സാധ്യതയുണ്ടോ ?
ഇല്ലെന്നാണ് വരാന്‍ പോകുന്ന സംഭവ വികാസങ്ങള്‍ക്ക് മുന്‍പ് വരെ ഞാനും കരുതിയിരുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ പോസ്റ്റ് ആയതു അറിഞ്ഞു കൊണ്ടായിരുന്നെങ്കിലും ഒരു വിരസമായ കാത്തിരുപ്പായി അത് മാറി
കാരണം വേറൊന്നുമല്ല നയനാന്ദകരമായ കാഴ്ചകള്‍ അഥവാ സുന്ദരികളായ തരുണീ മണികള്‍ ഈ പാണ്ടി നാട്ടില്‍ വിരളമാണെന്നതുകൊണ്ട് മാത്രം.
ഒരിക്കല്‍ ഏതോ ഒരു പത്രം എഴുതി ബാങ്ക്ലൂരില്‍ ജീന്‍സ് ധരിച്ച ഒരു പെണ്‍കുട്ടിയ തുറിച്ചു നോക്കുന്ന ഒരാളെ കണ്ടാല്‍ ഉറപ്പിച്ചോ അയാളൊരു മലയാളി (മല്ലു) ആയിരിക്കുമെന്ന് !.
റെയില്‍വേ സ്റ്റേഷന്‍ , ഒടുക്കവും തുടക്കവും സന്ധിക്കുന്ന സ്ഥലങ്ങളിലൊന്ന് .
നാട് വിടുന്നവരുടെയും തിരികെ വരുന്നവരുടെയും കവാടം.
യാത്ര തുടങ്ങുന്നവന്‍റെ ഊര്‍ജസ്വലത കഴിഞ്ഞവന്‍റെ മടുപ്പും ക്ഷീണവും.
ഇരു ധ്രുവങ്ങളിലുള്ള ഒരു പാട് കാര്യങ്ങളുടെ സംഗമ സ്ഥലമാണ് ഇവിടമെന്ന് എനിക്ക് തോന്നാറുണ്ട്.
എന്നും ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് ട്രെയിന്‍ സാധാരണ നിര്‍ത്താറുള്ളത് .
അവിടെ എന്നും ഒരു ഇരിപ്പടം എനിക്കായ് ഒഴിഞ്ഞു കിടക്കാറുണ്ട് അന്നും അവിടെ തന്നെ ഇരുന്നു.
പ്രത്യേകിച്ച് ഒരു മുന്നറിയിപ്പും കൂടാത്ത ട്രെയിന്‍ അന്ന് രണ്ടില്‍ എത്തി.
പിന്നീടിതറിഞ്ഞ് ഓടിക്കിതച്ച് ബാഗും തൂക്കി ഒരു വിധം എസ് സിക്സ് ബോഗിയാല്‍ കയറിപ്പറ്റി.
ടിക്കറ്റ് നോക്കിയപ്പോള്‍ സൈഡ് അപ്പര്‍ , ആര്‍ എ സി കഴിഞ്ഞാല്‍ എന്‍റെ അഭിപ്രായത്തില്‍ യാത്ര ചെയ്യാന്‍ ഏറ്റവും മോശം സീറ്റ് .
പിന്നെ എന്‍റെ അഞ്ചടി പതിഞ്ച് ഉയരത്തെ മടക്കി ഒടിച്ച് ചുരുണ്ട് കൂടി കിടന്നു , ഉറക്കത്തിനായി കാത്തു.
ചൂളം വിളിയും സ്ലീപ്പറിലെ ചെറിയ കുലക്കത്തോടെയുള്ള യാത്രയും ഉറക്കത്തിലേക്കു വഴുതി വീഴ്ത്തി .
ഒരു മണി ആയിക്കാണും സുഖനിദ്രയില്‍ നിന്ന് ടി ടി ആര്‍ എന്നെ വിളിച്ചുണര്‍ത്തി .
“ടിക്കറ്റ് എങ്കെ ? “
ഞാന്‍ : ഇതാങ്ക സാര്‍
ഒന്ന് മുഖത്തേയ്ക്കു നോക്കിയിട്ട് വീണ്ടും ടിക്കെറ്റിലേക്ക് പിന്നെ മുഖം നോക്കാതെ …
” ഐ ഡി കാര്‍ഡ് എടുങ്കോ “
കൈയില്‍ ആകെയുള്ളത് ഫോട്ടോ കോപ്പി മാത്രം
” സാര്‍ ഐ ഡി കാര്‍ഡ് “
ടി ടി : ഇതുയെന്നാ ! ജെരോക്സ് പത്താതു ഒറിജിനല്‍ വേണോം
ഞാന്‍ : സാര്‍ ഒര്‍ജിനല്‍ ഇപ്പോള്‍ എന്‍ പക്കം ഇല്ലേ , കമ്പനി യോടെ ഐ ഡി കാര്‍ഡ് പോതുമ സാര്‍
ഒന്ന് ചുറ്റും നോക്കിയിട്ട്
ടി ടി : ഐ ഡി കാര്‍ഡ് ഇല്ലാമ വണ്ടിയിലെ ഏറനാല്‍ ഫൈന്‍ അഞ്ഞൂറ് താന്‍ , ഇരുന്താ പണം എടുങ്കോ .
ഇല്ലേന്ന പിന്നാടി ജെനരലിലെ പോയി ഏറുങ്കോ സ്ലീപ്പറിലെ പോക മുടിയാത് .
ജനറല്‍ എന്നൊക്കെ പറഞ്ഞാല്‍ മൊട്ടു സൂചി കുത്താന്‍ ഇടമില്ലാത് ഒരു സ്ഥലമാണ്.
തിരക്ക് കാരണം പലരും കോയമ്പത്തൂര്‍ സ്റ്റേഷനില്‍ ഇറങ്ങി അടുത്ത ട്രെയിന് പോകുന്നത് വരെ ഞാന്‍ കണ്ടിട്ടുണ്ട്.
പിന്നെ അറിയാവുന്ന സകലമാന തമിഴും പറഞ്ഞു കാശും കൊടുത്ത് ഒരു വിധം രക്ഷപ്പെട്ടു.
നഷ്ടം മാത്രം ഉറക്കവും പോയി പണവും പോയി. എങ്കിലും വീട്ടിലേക്കുള്ള പൊക്കല്ലേ എന്നോര്‍ത്ത് സമാധാനിച്ചു.
വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു ഭൂകമ്പം.
അമ്മാച്ചിയാണേല്‍ കട്ട കലിപ്പില്‍ അപ്പനും ഗൌരവത്തില്‍ തന്നെ.. കാര്യം അന്വേഷിച്ചു.
അമ്മയാണ് സംഗതി പറഞ്ഞത്
” ..ഈ കേഴക്കുംഭാഗത്തുള്ള ആള്‍ക്കാരെല്ലാം പറയുവ നിന്റെ കല്യാണം കഴിഞ്ഞെന്നു ,
കോയമ്പത്തൂര്‍ നീ കെട്ടിയോളുടെ കൂടെയാണ് ഇപ്പൊ താമസം എന്നും .
സത്യാവസ്ഥ എനിക്കിപ്പോ അറിയണം.. ”
അതാണ് നിലപാട്
പിന്നെ ഒരു സമ്പൂര്‍ണ പൈങ്കിളി കഥ തന്നെ വിവരിച്ചു പറഞ്ഞു തന്നു പ്രേമം ,കറങ്ങി നടക്കല്‍ , നാട്ടുകാര് കണ്ടു പിടിച്ചു പിന്നെ കെട്ട്.
ഇതും കൂടി കേട്ടു കഴിഞ്ഞപ്പോള്‍ ആദ്യത്തെ കോരിത്തരിപ്പോക്കെ അങ്ങ് അലിഞ്ഞു പോയി.
പിന്നെ മുഖഭാവം മാറ്റി ഗൌരവത്തോടെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിച്ചു .
ആള്‍ക്കാരുടെ നാക്കിനു എല്ലില്ലാത്തതുകൊണ്ട് അവര്‍ എന്തും പറയും….
എന്ന് തുടങ്ങി സകല നാട്ടുകാരുടെ കുറ്റവും ഒരു ഐ ടി ജീവനക്കാരന്‍റെ കദന കഥയുംപറഞ്ഞു കൊടുത്തു .
അവസാനം ഇങ്ങനെയൊക്കെയായ എന്നെയാണോ തങ്ങള്‍ അങ്ങനെയൊക്കെ തെറ്റിദ്ധരിച്ചത് എന്നുവരെ അവര്‍ക്ക് തോന്നിയിട്ടുണ്ടാകണം .
എല്ലാം കെട്ടടങ്ങി ശാന്തമായി പഴയത് പോലെ വൈകിട്ട് കട്ടനും കപ്പയും കാന്താരി മുളകും ഉള്ളിയും കൂടി ചതച്ചത്.
പിറ്റേന്ന് ഞായറാഴ്ച സ്പെഷ്യല്‍ കുമ്പിള്‍ അപ്പവും മട്ടനും.എല്ലാം ഒരു പൊതി പാര്‍സലും ആക്കി.
ഇതെല്ലം കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് അമ്മയുടെ വക ഒരു ഡയലോഗ്
“ അല്ലേലും നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ഞങ്ങള്‍ക്ക് അറിയാരുന്നു.. ”
ഞാന്‍ ഒന്നും മിണ്ടിയില്ല ഒരു ചെറു ചിരി മുഖത്ത് ഒട്ടിച്ച് ഇറങ്ങുവാണെന്ന് മാത്രം പറഞ്ഞു.
എന്നാല്‍ ഉള്ളിലൊതുക്കിയ പൊട്ടിച്ചിരി പുറത്തുവന്നത് തിരിച്ചു ട്രെയിനില്‍ വരുമ്പോളാണ്.
നാട്ടുകാരുടെ ഓരോ നമ്പരുകളേ….